ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കാനിരിക്കെ പ്രകോപന പരാമർശവുമായി ആർജെഡി നേതാവ് രംഗത്ത്. സുനിൽ സിംഗ് നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് വിവാദമായത്. ബിഹാറിൽ ആർജെഡി സ്ഥാനാർത്ഥികൾ തോറ്റാൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ തെരുവുകളിലെ സംഭവങ്ങൾ ബിഹാറിലും ആവർത്തിക്കുമെന്ന് സുനിൽ സിംഗ് പറഞ്ഞു. ഈ പരാമർശത്തെ തുടർന്ന് സുനിൽ സിംഗിനെതിരെ കേസ് രേഖപ്പെടുത്തി.
“2020-ൽ ഞങ്ങളുടെ പല സ്ഥാനാർത്ഥികളെയും ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തി. ജനങ്ങളുടെ മനോഭാവത്തിന് വിരുദ്ധമായി ആരെയെങ്കിലും തോൽപ്പിച്ചാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്കയിലെ പോലെ ബിഹാറിലെയും തെരുവുകളിൽ അതേ കാഴ്ചകൾ കണ്ടേക്കാം. വോട്ടെണ്ണൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരോട് ഇത് ഞാൻ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്,” എന്നാണ് സുനിൽ സിംഗ് നടത്തിയ പ്രസ്താവനം. ജനവികാരത്തെ നിരസിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ സാധാരണ ജനങ്ങൾ തെരുവിലിറങ്ങും എന്നും അദ്ദേഹം ഭീഷണി മുഴക്കി. കൂടാതെ ആർജെഡിക്ക് 140 മുതൽ 160 വരെ സീറ്റുകൾ ലഭിക്കുമെന്നും തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു.
പ്രസ്താവനയെ തുടർന്ന് സിംഗിനെതിരെ ബിഹാർ ഡിജിപി സുനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ജെഡിയു എംപി സഞ്ജയ് ഝാ പ്രതികരണവുമായി രംഗത്തെത്തി. “ഫലം എന്താകുമെന്ന് അവർക്ക് വ്യക്തമാണ്. അതുകൊണ്ടാണ് തോൽവി സമ്മതിക്കുകയും ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്,” എന്ന് വിമർശിച്ചു.
















