Homepage Featured India News

‘നുണ പരാജയപ്പെടും വിശ്വാസം വിജയിക്കും, ഇനിയൊരിക്കലും ജം​ഗിൾരാജ് ഉണ്ടാകില്ല’; ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദിയുടെ പ്രസം​ഗം

പട്ന: ബിഹാറിന്റെ മഹാഭൂമിയിൽ ഇനിയൊരിക്കലും ജം​ഗൽരാജ് ഉണ്ടാകില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തിയതായി നരേന്ദ്രമോദി പറഞ്ഞു. എതിരാളികൾ എക്സ്പ്രസ് ഹൈവേ എന്തിനെന്ന് ചോദിച്ചിരുന്നെന്നും വ്യവയായവും എയർപോർട്ടും എന്തിനെന്ന് ആരാഞ്ഞതായും മോദി പറഞ്ഞു. ആ ഇടത്തു നിന്ന് ബിഹാർ മാറിയതായി മോദി കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ജം​ഗിൾരാജ് ഉണ്ടാകില്ലെന്നും ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദി പ്രസം​ഗിച്ചു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ബിഹാറിലെ 243 സീറ്റിൽ 203 സീറ്റിലും വിജയം ഉറപ്പിച്ചാണ് എൻഡിഎയ്ക്ക് ഭരണതുടര്‍ച്ച ലഭിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യം 33 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ള കക്ഷികള്‍ക്ക് ഏഴു സീറ്റാണ് സംസ്ഥാനത്തുള്ളത്. കോൺ​ഗ്രസ് പല സംസ്ഥാനങ്ങളിലും പോയശേഷം തിരികെ വന്നില്ലെന്നും മോദി പറഞ്ഞു. ആറു സീറ്റിലൊതുങ്ങിയ കോൺ​ഗ്രസിനെ പരിഹസിച്ചായിരുന്നു മോദിയുടെ പ്രസം​ഗം. ബിഹാറിലെ ജനങ്ങള്‍ എൻഡിഎ സര്‍ക്കാരിൽ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു.

മഹിളാ-യൂത്ത് ഫോര്‍മുലയാണ് ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞതായും ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും മോദി അഭിപ്രായപ്പെട്ടു. സമാധാനപരമായിട്ടാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നതെന്നും ഒരിടത്തും റീപോളിങ് വേണ്ടിവന്നില്ലെന്നും മോദി പറയുന്നു. എസ്ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. നുണ പരാജയപ്പെടും വിശ്വാസം വിജയിക്കും. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തിൽ കുതിക്കുകയാണ്. മോദി പറഞ്ഞു.

ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോദിക്കൊപ്പം ബിഹാറിലെ ആഘോഷത്തിൽ പങ്കുചേർന്നു. എൻഎസ്‍ജി സംഘത്തെ അടക്കം കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related Posts