ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷെ മുഹമ്മദ് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഈ യാത്രകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫർ ആണെന്നാണ് സൂചന. ആദിലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തെ പുതിയ വഴിത്തിരിവിലേക്കെത്തിച്ചത്. മുസാഫർ റാത്തറിന് ജയ്ഷെയുമായി അടുത്ത ബന്ധമുണ്ടെന്നും ഭീകരർ ദുബായ്, തുർക്കി, പാകിസ്ഥാൻ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയത് ഇയാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പ്രതികളുടെ പേരിൽ മറ്റെന്തെങ്കിലും വാഹനങ്ങൾ ഉണ്ടോ എന്നും അവർ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ഹരിയാനയിലെ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നും എൻഐഎ പരിശോധിച്ചുവരികയാണ്. 2022 മുതൽ തന്നെ ദില്ലിയിൽ സ്ഫോടനം നടത്താനുള്ള ആസൂത്രണം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ രഹസ്യ മാപ്പുകളും ആക്രമണ പദ്ധതികളും പങ്കുവെച്ചത് സ്വിസ്സ് ആസ്ഥാനമായ എൻക്രിപ്റ്റ് ചെയ്ത ‘ത്രീമ’ ആപ്പിലൂടെ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതി, ബോംബ് നിർമാണ മാർഗ്ഗനിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയടക്കം നിർണായക വിവരങ്ങൾ എല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് കൈമാറിയത്. അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
















