തിരുവനന്തപുരം: കുട്ടികളുടെ പാഠപുസ്തകത്തിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണമെന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ആരോഗ്യമന്ത്രി വീണ ജോർജ്ജും സിപിഎം ജില്ലാസെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പ്രതികരണം.
‘കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണ്’ -ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെ വൈക്കം വിജയലക്ഷ്മി പറഞ്ഞു. ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പരാമര്‍ശം. നിശാഗന്ധിയിലായിരുന്നു സംസ്ഥാന ശിശുദിനാചരണപരിപാടി സംഘടിപ്പിച്ചത്.
‘നിങ്ങൾ സൽക്കർമശേഷി കൊണ്ട് പ്രബുദ്ധരാകുക. സൽക്കർമശേഷിയുള്ള കുട്ടികളായി വളരുക. നന്മ ചെയ്യുന്ന നല്ല കുട്ടികളായി വളരുക. നന്നായി പഠിക്കുക. പിന്നെയൊരു കാര്യമുണ്ട്. നിങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം, എല്ലാ ക്ലാസും പഠിപ്പിക്കുന്നതിനോടൊപ്പം ഭഗവത് ഗീത കൂടി സിലബസിൽ ഉൾപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നു. ഭഗവത് ഗീതയെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാകുന്നത് നല്ലതാണ്. പിഞ്ചു ഹൃദയത്തെ എല്ലാവരും ദേവാലയമായി കാണുക. അവരുടെ കിളിക്കൊഞ്ചലുകൾ മണിനാദമായി വിചാരിക്കുക. സത്യത്തിൻ പ്രഭ തൂകുന്ന ദൈവങ്ങളാണ് കുട്ടികൾ അവരെ നമുക്ക് ബഹുമാനിക്കാം. അവരുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം. ‘-വൈക്കം വിജയലക്ഷ്മി പറഞ്ഞു.
















