പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി സ്‌പോൺസേർഡ് ആണെന്നും അത് തള്ളിക്കയണമെന്നും പ്രവർത്തകരോട് ആർജെഡി ആഹ്വാനം ചെയ്തു. മഹാസഖ്യത്തിന് 160 ന് മുകളിൽ സീറ്റ് കിട്ടുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്.
നാളെയാണ് തെരെഞ്ഞെടുപ്പ് ഫലം
സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഇക്കുറി റെക്കോർഡ് വർധനയാണുണ്ടായത്. പുരുഷ വോട്ടർമാരേക്കാൾ 8.8 ശതമാനം വർധനയുണ്ടായി. 71.6 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ 62. 8 ശതമാനം പുരുഷന്മാരാണ് ബൂത്തുകളിലെത്തിയത്. ഉയർന്ന പോളിംഗ് ശതമാനം വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ വിജയമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. സ്ത്രീകൾ കമ്മീഷനിൽ പൂർണ വിശ്വാസമർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണ മാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാസഖ്യം വാദിക്കുന്നത്. എന്നാൽ എൻഡിഎ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുമെന്ന് ബിജെപി അവകാശപ്പെടുന്നു. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കും അപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
ബിഹാറിലെ ജനവിധി നാളെയറിയാം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും.പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെ ആളുകൾ ആഗ്രഹിക്കുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്.
















