കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ കോട്ടയം നഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചായിരുന്നു ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. തുടർന്ന് എൻസിപിയിൽ അംഗമായി.
കോട്ടയം നഗരസഭയിൽ 48-ാം വാർഡിൽ (തിരുനക്കര) ലതികാ സുഭാഷ് മത്സരിക്കും. വ്യാഴാഴ്ച ചേർന്ന മുന്നണി ചർച്ചയിലാണ് എൽഡിഎഫ് തിരുനക്കര വാർഡ് എൻ.സി.പിയ്ക്കു വിട്ടുനൽകിയത്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിത്വം എത്തിയതെന്നാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം. പാർട്ടി പ്രവർത്തകരുടെ ആവശ്യ പ്രകാരം ആണ് മത്സരിക്കുന്നത്. മഹിളാ കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സീറ്റ് നൽകാത്തതാണ് അന്ന് പ്രതിഷേധിക്കാൻ കാരണമെന്നും ലതികാ സുഭാഷ് പറയുന്നു. 2021ൽ നിയമസഭാ സീറ്റ് വനിതകൾക്ക് നിഷേധിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു. എല്ലാ കാലത്തും മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് സീറ്റ് കൊടുത്തിട്ട് ഞാൻ അധ്യക്ഷ ആയപ്പോൾ സീറ്റ് കിട്ടിയില്ല. എൽഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാർട്ടിക്കും പ്രവർത്തകർക്കും വിധേയമായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ലതികാ സുഭാഷ് പറഞ്ഞു.
എൽഡിഎഫ് നേതാക്കളായ അഡ്വ. കെ അനിൽകുമാർ, ടി.സി. ബിനോയ്, രാജീവ് നെല്ലിക്കുന്നേൽ, സിപിഎം ലോക്കൽ സെക്രട്ടറി ജി. രാജീവ്, ബ്രാഞ്ച് സെക്രട്ടറി അനീഷ് കുമാർ, വാർഡ് സെക്രട്ടറി അരുൺ കുമാർ, എൻ സി പി നേതാക്കളായ സാബു മുരിക്കവേലി, ഗ്ളാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, ജോമി നടുവിലേപ്പറമ്പിൽ, അഡ്വ. രാജഗോപാൽ, അഡ്വ. ജോസ് ചെമ്പഴത്ത്, അഡ്വ. ഐക്ക് മാണി എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
















