തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയിക്കാൻ ഡീലിന്റെ ആവശ്യമില്ലെന്നും തന്റെ ഡീൽ ജനങ്ങളോടാണെന്നും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചതെന്നും എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തിവിരോധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
പരമ്പരാഗതമായി സിപിഎം അനുകൂലമായ വാര്‍ഡുകളെ മോശം സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പ്പിച്ച് ബിജെപിയെ സഹായിച്ച് അതുവഴി നിയമസഭയില്‍ വിജയിച്ചു കയറുന്ന തന്ത്രമാണ് കടകംപള്ളിയുടേതെന്ന് നേരത്തേ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആനി അശോകൻ ആരോപിച്ചിരുന്നു.
‘തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്റേയും ആവശ്യമില്ല. അടുത്ത സ്ഥാനാര്‍ഥിക്കും ഡീലിന്റെ ആവശ്യം ഇല്ല. എന്റെ ഡീല്‍ ജനങ്ങളുമായിട്ടാണ്. എല്ലാവരുടെയും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയും. വ്യക്തി വിരോധം വെച്ചു പുലര്‍ത്താത്ത ആളാണ് ഞാന്‍. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചത്. മണ്ഡലത്തിലെ ജനങ്ങളുടെ വിനീത വിശ്വസ്ത ദാസനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. വ്യക്തിവിരോധം ആരുമായുമില്ല. എല്ലാവരും എന്റെ സഹോദരങ്ങളാണ്’- കടകംപള്ളി പറഞ്ഞു
തന്നെ കാണാൻ ഒരു കത്തിന്റെയും ആവശ്യമില്ലെന്നും ആവശ്യത്തിൽ കാര്യമുണ്ടെന്ന് കണ്ടാല്‍ ഏതറ്റംവരെപോയും താനത് നടത്തി കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. ‘ഞാന്‍ രാഷ്ട്രീയം നോക്കി പ്രവര്‍ത്തിക്കാറില്ല. എന്നെ ഏറ്റവും കൂടുതല്‍ പുകഴ്ത്തിയത് മറ്റുരാഷ്ട്രീയപ്പാര്‍ട്ടി കൗണ്‍സിലര്‍മാരാണ്’-അദ്ദേഹം പറഞ്ഞു. 2021ൽ പ്രധാനമന്ത്രി വന്ന് വോട്ടു ചോദിച്ചപ്പോഴും കഴക്കൂട്ടം സിപിഎമ്മിനൊപ്പമാണ് നിന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയത് താനാണെന്നും വികസനപ്രവർത്തനങ്ങളിൽ താൻ ജനങ്ങൾക്കു മുന്നിലാണ് സഞ്ചരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















