ന്യൂഡൽഹി: ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും അഞ്ച് തവണ എംഎൽഎയുമായിരുന്ന അഹമ്മദ് പാർട്ടിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള ചില വ്യക്തികളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള ആലോചനയില്ലെന്നും, ജീവിതം മുഴുവൻ കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചു നില്ക്കുമെന്നും ഷക്കീൽ അഹമ്മദ് അറിയിച്ചു.
ബിഹാറിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ അഹമ്മദിന്റെ രാജി വോട്ടെടുപ്പിന്റെ അവസാന ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് എന്നത് ശ്രദ്ധേയമാണ്.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. പ്രവചനങ്ങളിൽ മഹാസഖ്യത്തിന് അനുകൂലമായ അവസ്ഥയല്ല. അവസാനഘട്ട വോട്ടെടുപ്പിൽ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴ് എക്സിറ്റ് പോളുകളിലും എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് വിലയിരുത്തൽ. മാട്രിസ്-ഐഎഎൻഎസ് സർവേയിൽ പോലും എൻഡിഎക്ക് 167 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പറയുന്നത്. മഹാസഖ്യം ഒരുപ്രവചനത്തിലും ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല.
സ്ത്രീകളെ ലക്ഷ്യമിട്ട് ചെയ്ത പദ്ധതികളും അക്കൗണ്ടിലേക്കുള്ള പത്ത് ആയിരം രൂപയുടെ പദ്ധതിയും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ എൻഡിഎക്ക് അനുകൂലമായി പ്രവർത്തിച്ചെന്നാണ് സർവേകളുടെ വിലയിരുത്തൽ. പോളിംഗ് ശതമാനം മുൻ ഘട്ടങ്ങളെ മറികടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഘട്ടത്തിൽ 64.66 ശതമാനം ആയിരുന്നെങ്കിൽ അവസാന ഘട്ടത്തിൽ അത് 69 ശതമാനമായി ഉയർന്നു. ന്യൂനപക്ഷപ്രാധാന്യമുള്ള സീമാഞ്ചൽ മേഖലകളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന മേഖലയായിട്ടും കഴിഞ്ഞ തവണ ഇവിടെ മുന്നിലെത്തിയത് എൻഡിഎയായിരുന്നു. ചമ്പാരൻ പോലുള്ള എൻഡിഎ ശക്തികേന്ദ്രങ്ങളിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ രണ്ടാംഘട്ടത്തിൽ 122 സീറ്റുകളിൽ 62 എണ്ണം എൻഡിഎയും 49 സീറ്റുകൾ മഹാസഖ്യവും നേടിയിരുന്നു.
















