വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാൽ ഇന്ത്യക്കെതിരായ യുഎസിന്റെ തീരുവ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.
‘റഷ്യൻ എണ്ണ വാങ്ങുന്നത് കൊണ്ടാണ് ഇന്ത്യയ്ക്ക് മേലുള്ള താരിഫ് കൂടിയത്. എന്നാൽ അവർ റഷ്യൻ എണ്ണ ഗണ്യമായി കുറച്ചിട്ടുണ്ട്, ഒരു പോയിന്റിൽ താരിഫ് കുറയ്ക്കും.’- ട്രംപ് പറഞ്ഞു. എന്നാൽ എത്ര താരിഫ് കുറയും എന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയില്ല. താരിഫുകളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് പറഞ്ഞ ട്രംപ് അതില്ലെങ്കിൽ യുഎസ് തകർന്നു പോകുമെന്നും അഭിപ്രായപ്പെട്ടു.
റഷ്യയുമായുള്ള ന്യൂഡൽഹിയുടെ ഊർജ ഇടപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഇറക്കുമതിത്തീരുവ ഗണ്യമായി വർധിപ്പിച്ചിരുന്നത്. യുക്രൈൻ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെ പ്രേരിപ്പിക്കാനായിരുന്നു സാമ്പത്തിക ഉപരോധമെന്നാണ് ട്രംപിന്റെ വാദം.
ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്താൻ തീരുമാനിച്ചതായി ട്രംപ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അന്ന് ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടന്നുവെന്ന വാർത്ത പോലും നിഷേധിച്ചായിരുന്നു മോദി സർക്കാർ രംഗത്തു വന്നിരുന്നത്. ഇന്ത്യ എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുമെന്നും അറിയിച്ചിരുന്നു. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന് വിപരീതമായാണ് ഇപ്പോൾ എണ്ണയിറക്കുമതിയിൽ വൻ ഇടിവു വന്നിട്ടുണ്ട്.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഞങ്ങൾ ഇന്ത്യയുമായി ഒരു കരാറുണ്ടാക്കുകയാണ്, മുൻപുണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന്. ഇപ്പോൾ അവർക്കെന്നെ ഇഷ്ടമല്ല, പക്ഷേ, അവർ ഞങ്ങളെ വീണ്ടും ഇഷ്ടപ്പെടും. ഞങ്ങൾക്ക് ന്യായമായ ഒരു ഇടപാട് ഉണ്ടാകും. ഒരു ന്യായമായ വ്യാപാര ഇടപാട്. ഞങ്ങൾക്ക് യുക്തിരഹിതമായ വ്യാപാര ഇടപാടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ ഞങ്ങൾ ന്യായമായ ഒന്നിലേക്ക് എത്തുകയാണ്.’-ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. പ്രതിദിനം ഏകദേശം 1.19 ബിപിഡി (ബാരല്‍ പെര്‍ ഡേ) ദശലക്ഷം ബാരല്‍ ആയി ചുരുങ്ങിയിരുന്നു. അതിന് തൊട്ടുമുന്‍പത്തെ രണ്ടാഴ്ചയിൽ 1.95 ബിപിഡി ആയിരുന്നു. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയതാണ് ഇറക്കുമതി കുറയാൻ കാരണമായത്. റഷ്യയിലെ എണ്ണ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും മൂന്നിൽ രണ്ടു ഭാഗവും റോസ്‌നെഫ്റ്റും ലുക്കോയിലും വഴിയായിരുന്നു നടന്നിരുന്നത്. എച്ച്പിസിഐഎല്‍-മിത്തല്‍ എനര്‍ജി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായും അറിയിക്കുന്നുണ്ട്.
റോസ്‌നെഫ്റ്റില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 1.41 ദശലക്ഷം ബിപിഡി യിൽ നിന്ന് 0.81 ദശലക്ഷം ബിപിഡിയായി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 27-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ചാണിത്. ആഴ്ചയില്‍ ലുക്കോയിലില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 0.24 ദശലക്ഷം ബിപിഡി ആയിരുന്നു. യുഎസിന്റെയും യുകെയുടേയും ഉപരോധങ്ങളും നിയന്ത്രണങ്ങളും ഇന്ത്യയുടെ നിർദേശവും പാലിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിയിൽ വ്യത്യാസം വരുത്തുമെന്ന് റിലയൻസും നേരത്തേ വ്യക്തമാക്കിയിരുന്നു.
















