തൃശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം. വൈസ് ചാൻസിലറിന്റെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കലാമണ്ഡലം അധ്യാപകനും ദേശമംഗലം സ്വദേശിയുമായ കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്. അധ്യാപകൻ ക്ലാസ്സിൽ മദ്യപിച്ചെത്തുന്നതായും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് കനകകുമാറിനെ വൈസ് ചാൻസിലർ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ശേഷം ഇന്ന് പുലർച്ചെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
















