Homepage Featured India News

ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, ഇരുസഖ്യങ്ങൾക്കും നിർണായകം

പട്ന: ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത് ഈ ഘട്ടത്തിലാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമോയെന്ന് പരിശോധിക്കപ്പെടുന്ന ഘട്ടമായതിനാൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് നിര്‍ണായകമാണിത്.

മിഥില, കോസി ബെൽറ്റ്, വെസ്റ്റേൺ ബിഹാർ, മ​ഗധ്, അം​ഗിക, സീമാഞ്ചൽ മേഖലകളുൾപ്പെടുന്ന 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. മുസ്ലിം വിഭാ​ഗങ്ങൾക്ക് നിർണായക സ്വാധീനമുള്ളവയാണ് സീമാഞ്ചല്‍ മേഖല. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവയുൾപ്പെടെ 20 ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

നവംബർ ആറിനു നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66% പോളിങ് രേഖപ്പെടുത്തിയിരുന്നു. 2020 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 57.29 ശതമാനം ആയിരുന്നു. ആദ്യഘട്ടത്തിൽ 18 ജില്ലകളിലായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

രണ്ടു പതിറ്റാണ്ടായി ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ ഭരണത്തിലാണ് ബിഹാർ. ബിജെപിയുമായി സഖ്യത്തിലുള്ളതിനാൽ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെഡിയു. അതേസമയം സംസ്ഥാനത്തിന്റെ വികസനമുരടിപ്പ് ചർച്ചയാക്കി തേജസ്വി യാദവിന്റെ ആർജെഡിയും പോരാട്ടം കടുപ്പിക്കുന്നുണ്ട്. കോൺ​ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെയാണ് ആർജെഡി ജനവിധി തേടുന്നത്. മഹാ​സഖ്യത്തിന്റെ ഭാ​ഗമാണ് കോൺ​ഗ്രസ്സും ആർജെഡിയും.

രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിന്റെ പാശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Posts