Homepage Featured India News

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ചത് ഈ വഴിയിൽ, പൊലീസ് അന്വേഷണം തുടരുന്നു

ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ച പാതയിലൂടെ പൊലീസ് അന്വേഷണം. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. പപിന്നീട് കാർ സഞ്ചരിച്ച പാത മുഴുവനായും പൊലീസ് ട്രാക്ക് ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ ഡൽഹിക്കടുത്ത ഫരീദാബാദ് ഭാഗത്ത് നിന്ന് കാർ ബദർപൂർ ടോൾ ബൂത്തിലൂടെയാണ് ഡൽഹിയിലേക്ക് എത്തിയത്. വാഹനം 8.30 ഓടെ ഓഖ്ല പെട്രോൾ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം കാർ നിർത്തിയിട്ടു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം എന്നിവിടങ്ങളിലൂടെയും സെൻട്രൽ ഓൾഡ് ദില്ലിയിലൂടെയും കറങ്ങി മൂന്നരയോടെ റെഡ് ഫോർട്ട് പാർക്കിംഗിലെത്തി. ആറരയോടെയാണ് പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.

ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണം എന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്ഫോടനം എന്നാണ് റിപ്പോർട്ടുകൾ. ഡിഎൻഎ പരിശോധനയ്ക്കായും സുരക്ഷയ്ക്കായും ഡോക്ടർ ഉമർ മുഹമ്മദിന്‍റെ കശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വാഭാവി ആയിരുന്നെന്നും സഹോദരന്‍റെ ഭാര്യ പറഞ്ഞു.

അതേസമയം ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. ഇതിനിടെ, സ്ഫോടനത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളെ സുപ്രീംകോടതിയും അനുശോചനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ദില്ലി പോലീസ് കമ്മീഷണർ, എൻഐഎ ഡിജി എന്നിവർ അടക്കം ഉന്നതർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Related Posts