ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കാർ സ്ഫോടനത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. 20 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ദേശീയ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു. ഡൽഹിയിലുടനീളം ഹൈ അലർട്ട് പ്രഖ്യാപിച്ചു. ചെങ്കോട്ട, ചാന്ദ്നി ചൗക്ക്, കാശ്മീരി ഗേറ്റ് തുടങ്ങിയ പഴയ ഡൽഹി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗം നാളെ നടക്കും.
അതേസമയം സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ജമ്മു-കശ്‌മീർ, ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാവേർ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്‌ടർ ഉമർ മുഹമ്മദ് എന്നയാളാണ് എന്നും പറയുന്നു. കാർ ഓടിച്ചിരുന്ന ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രിയിൽ ഇയാൾ ജോലി ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ലക്ഷ്യമിട്ടത് ചാന്ദിനി ചൗക്ക് മാർക്കറ്റ് ആണെന്ന് സംശയം. കറുത്ത മാസ്ക് ധരിച്ച ഒരാൾ ചെങ്കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതുവരെ നാലുപേരെയാണ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഘത്തിലെ പ്രധാനി എന്ന് സംശയിക്കുന്ന വനിതാ ഡോക്ടർക്കായുള്ള അന്വേഷണം ഊർജിതമാക്കി.
ഡോക്ടർ ഉമർ മുഹമ്മദിന്റെ കശ്മീരിലെ വീട്ടിലെത്തിയ പൊലീസ് ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വഭാവമായിരുന്നുവെന്നും ആണ് സഹോദരന്റെ ഭാര്യ പറഞ്ഞു.
ഡൽഹി സ്ഫോടനത്തിന് ഉത്തരവാദികളായവരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സുരക്ഷാ ശക്തമാക്കി. ഇന്നലെ തന്നെ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ പോലീസ് നടത്തിയ പരിശോധനയിൽ 2,900 കിലോഗ്രാം സ്ഫോടകവസ്തു പിടിച്ചെടുത്തിരുന്നു.ഈ കണ്ടെത്തലും ചെങ്കോട്ട സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടോ എന്നത് അന്വേഷണം നടക്കും.
ഡൽഹി പോലീസ് പൊതുജനങ്ങളെ ചെങ്കോട്ടയും ചാന്ദ്നി ചൗക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാൻ പൊലീസ് മുന്നറിയിപ്പും നൽകി. പരിക്കേറ്റവരുടെ ചികിത്സ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.
വൈകുന്നേരം ഏകദേശം 7 മണിയോടെ ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷന്റെ സമീപത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.സ്‌ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. നാഷണൽ സെക്യൂരിറ്റി ഗാർഡ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ഫോറൻസിക് വകുപ്പ് എന്നിവയിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
















