Homepage Featured News World

‘ലളിതമായൊരു താരിഫ് ചുമത്താൻ അധികാരമില്ലേ?’; തന്റെ നയം യുഎസിനെ സമ്പന്നമാക്കി, ഓരോ പൗരനും 2000 ഡോളർ നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലളിതമായൊരു താരിഫ് ചുമത്താൻ തനിക്ക് അധികാരമില്ലേയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു. താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ്, അമേരിക്കൻ കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയതായി യുഎസ് സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം. തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കിയതായും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

തന്റെ താരിഫ് നയത്തെ ന്യായീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണെന്നും അഭിപ്രായപ്പെട്ടു. യുഎസ് ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമായെന്നും പണപ്പെരുപ്പം ഏതാണ്ടില്ലാതായെന്നും ട്രംപ് പറയുന്നു. ഓരോ യു.എസ് പൗരനും ലാഭവിഹിതമായി 2000 ഡോളർ വീതം നല്‍കുമെന്ന് ട്രംപ് പറയുന്നു. ‘ഓഹരി വിപണി റെക്കോര്‍ഡ് നിലയിലാണ്. 401K-പദ്ധതി (വിരമിക്കല്‍ സേവിങ്‌സ് പ്ലാന്‍) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യുഎസ്എയില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നുവരുന്നു. ഉയര്‍ന്ന വരുമാനക്കാർക്ക് ഒഴികെ എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ (1.77 ലക്ഷം രൂപ ) വീതം ലാഭവിഹിതം നല്‍കും’-ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, താരിഫുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ബിസിനസുകള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത് ട്രംപ് പറയുന്നു. അതേസമയം ദേശീയ അടിയന്തരാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരം താരിഫുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി സംശയങ്ങളുന്നയിച്ചിരുന്നു.

ഒരു വിദേശ രാജ്യവുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദമുണ്ട്. അതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ അംഗീകാരവുമുണ്ട്. അത് താരിഫിനേക്കാള്‍ എത്രയോ ഗൗരവമേറിയ കാര്യമാണ്. ഒരു വിദേശ രാജ്യത്തിന് ലൈസന്‍സ് നല്‍കാനും പ്രസിഡന്റിന് അനുവാദമുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയുടെ ആവശ്യങ്ങള്‍ക്കായി പോലും ഒരു വിദേശ രാജ്യത്തിനുമേല്‍ ലളിതമായ ഒരു താരിഫ് ചുമത്താന്‍ അനുവാദമില്ലേയെന്ന് ട്രംപ് ചോദിച്ചു. കോടതിയുന്നയിച്ച സംശയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം.

Related Posts