Homepage Featured Kerala News

കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം; എസ്എസ്കെയിൽ ലഭിക്കാനുള്ളത് 1066.36 കോടി രൂപയെന്ന് ശിവൻകുട്ടി

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സമഗ്ര ശിക്ഷാ കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ സമഗ്ര ശിക്ഷാ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള ₹1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അനുഭാവപൂർവമായ നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ചർച്ച ചെയ്ത മറ്റു വിഷയങ്ങൾ, കേരള എഡ്യൂക്കേഷൻ കോൺക്ലേവ് തുടങ്ങിയവയായിരുന്നു. ആദിവാസി വിഭാ​ഗങ്ങൾക്കുള്ള PM-JANMAN ഹോസ്റ്റലുകൾക്കായിട്ടുള്ള ₹6.198 കോടി രൂപയും DA-JGUA ഹോസ്റ്റലുകൾക്കായിട്ടുള്ള ₹3.57 കോടി രൂപയും ഉടൻ റിലീസ് ചെയ്യണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു

2026 ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ‘കേരള എഡ്യൂക്കേഷൻ കോൺക്ലേവ് 2026’-ൽ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ ക്ഷണിച്ചു. ദേശീയതലത്തിൽ വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി സഹായകമാകുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ കേന്ദ്രസഹായം ലഭിക്കുന്നതിനും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട് കൂടിക്കാഴ്ചയിലൂടെ കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി പറയുന്നു.

ആർഎസ്എസ് ​ഗണ​ഗീത വിവാദത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം തകർക്കുന്ന ഇത്തരം നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു.

Related Posts