ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ സംസ്ഥാനാതിര്‍ത്തി കടക്കുമ്പോള്‍ അതത് സംസ്ഥാനത്തെ നികുതിയും അടയ്ക്കണമെന്നാണ് ചട്ടം. ഇത് പാലിക്കാത്തതിനാലാണ് ബസുകൾക്കെതിരെ സംസ്ഥാനം നടപടിയെടുക്കുന്നത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നതായി തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിക്കുപകരം ഓംനി ബസുകള്‍ക്ക് കേന്ദ്രം പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് കേരള ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ല. ഇതോടെയാണ് അസോസിയേഷൻ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്.
അതേസമയം ബസ്സുടമകളുടെ സമരത്തിൽ വലഞ്ഞിരിക്കുകയാണ് യാത്രക്കാർ. വാരാന്ത്യത്തിൽ വീട്ടിലേക്ക് മടങ്ങിയവരും തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരും സമരത്തിൽ കുടുങ്ങി.
















