കൊച്ചി: അവസാനമായി ഭാര്യ രഹ്നയ്ക്കുവേണ്ടി നടൻ നവാസ് പാടിയ ഗാനം പങ്കുവെച്ച് മക്കൾ. വാപ്പിച്ചിയുടെ നിർദ്ദേശപ്രകാരം വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘മധുരം ജീവാമൃതബിന്ദു.. ഹൃദയം..പാടും..ലയ സിന്ധു’ എന്ന വരികളായിരുന്നു നവാസ് ഭാര്യയ്ക്കായി അവസാനമായി പാടിയത്. ഓഗസ്റ്റ് എട്ടിന് ഉമ്മച്ചി സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ നടാനായി ഒരു മൈലാഞ്ചിതൈ കൊടുത്തുവിട്ടു. നവാസിന്റെ ഖബറിൽ നടാനായിരുന്നു ആ മൈലാഞ്ചി ചെടിയെന്നും നവാസിന്റെ നിർദ്ദേശപ്രകാരം വേരുപിടിച്ചിട്ടും നടാതെ മാറ്റിവെച്ചതായിരുന്നു അതെന്നും മക്കൾ പറയുന്നു.
വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടിച്ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട് പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി വേരുപിടിച്ചു പക്ഷെ ആദ്യം കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങി തുടങ്ങിയെന്ന് ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു. അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്.’- അവർ കുറിക്കുന്നു. തുടർന്നാണ് വേരുപിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചിത്തൈ സഹോദരീ ഭർത്താവിന്റെ കയ്യിൽ രഹ്ന കൊടുത്തതെന്നും മക്കൾ പറയുന്നു.
‘അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചി ചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.’- മധുരമുള്ള പാട്ടിനൊപ്പം അവർ കുറിക്കുന്നു.
ചെങ്കോൽ എന്ന മോഹൻലാൽ ചിത്രത്തിൽ കൈതപ്രം രചിച്ച് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയതായിരുന്നു മധുരം ജീവാമൃത ബിന്ദു എന്ന ഗാനം. ഈ ഗാനമായിരുന്നു July 30ന് രാത്രി 11 മണിക്ക് നവാസ് പാടി രഹ്നയ്ക്ക് അയച്ചുകൊടുത്തത്. ആഗസ്റ്റ് 1 നായിരുന്നു ഹൃദയാഘാതത്തെത്തുടർന്ന് നവാസ് അന്തരിച്ചത്.
















