തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 നും ഡിസംബർ 11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക.
അന്തിമ വോട്ടർപട്ടിക നവംബർ14 ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം. സംസ്ഥാനത്ത് 2025 നവംബർ 21 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നവംബർ 22 ന് പൂർത്തിയാകും. നവംബർ 24 വരെ പത്രിക പിൻവലിക്കാം. ഡിസംബർ 9 നും ഡിസംബർ 11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13 ന് പൂർത്തിയാകും. ഡിസംബർ 18 ന് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമെന്നും ഡിസംബർ 20 ന് പുതിയ ഭരണസമിതികൾ അധികാരമേറ്റെടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ നഗരസഭയിലെ 36 ഇടത്തൊഴികെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.മട്ടന്നൂരിൽ 2026 സെപ്റ്റംബർ 14 വരെ കാലാവധിയുണ്ട്. 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് ഡിസംബറില്‍ വോട്ടെടുപ്പ് നടക്കുക. മുന്‍പ് 21,900 ആയിരുന്ന ആകെ വാർഡുകളുടെ എണ്ണം വാർഡുവിഭജനത്തിനു ശേഷം 23,612 ആയി വർദ്ധിച്ചിട്ടുണ്ട്. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇത്തവണ പ്രവാസി വോട്ടർമാരുടെ എണ്ണം 2841ആണ്. ഗ്രാമ പഞ്ചായത്തിൽ 280127 പോളിങ് സ്റ്റേഷനിലാണ് തെരഞ്ഞെടുപ്പ് നടക്കുക.സ്ത്രീകൾക്കായി സംവരണം ചെയ്യാത്തിടത്ത് വൈസ് ചെയർമാൻ സ്ഥാനം സ്ത്രീകൾക്കായിരിക്കും. മേയർ പുരുഷന്മാരായിടത്ത് ഡെപ്യൂട്ടി മേയർമാർ സ്ത്രീകളായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1249 റിട്ടേണിങ് ഓഫീസർമാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികൾ, സംസ്ഥാന പാർട്ടികൾ, മറ്റു സംസ്ഥാനങ്ങളിലെ പാർട്ടികൾ, സ്വതന്ത്രർ എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ ചിഹ്നങ്ങൾ അനുവദിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ, വോട്ടർമാർ, മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എടുത്തുപറഞ്ഞു. രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവൂ. വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും മദ്യനിരോധനമുണ്ടാകുമെന്നും ക്രമസമാധാനം പാലിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.
എൽഡിഎഫ് യുഡിഎഫ് മുന്നണികൾ നേരത്തേ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ച ശേഷമേ ഉണ്ടാകൂ. ബിജെപി കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിൽ ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളാണ് എൽഡിഎഫ് ഭരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണമാണുള്ളത്. ആകെയുള്ള 87 നഗരസഭകളിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. ഇതിൽ 41 ഇടത്ത് യുഡിഎഫാണ് ഭരിക്കുന്നത്. രണ്ടു നഗരസഭകളാണ് ബിജെപിക്കൊപ്പം നിന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണം മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്കുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫിനാണ് ഭരണം. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎക്ക് 12 പഞ്ചായത്തുകളിലും മറ്റുള്ളവർക്ക് 7 പഞ്ചായത്തുകളിലുമാണ് ഭരണമുള്ളത്.
















