തൃശൂർ: അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം. ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറയാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദാണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അപൂർവ്വ രോഗം മൂലം നിവേദിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്ലി ഉദ്ഘാടനം കഴിഞ്ഞ് ശ്രീനാരായണ കോളജിലെ ഹെലിപ്പാഡിലേക്ക് മടങ്ങുകയായിരുന്ന യൂസഫലിയോട് നിവേദിനൊപ്പമെത്തി അമ്മ രോഗവിവരം അറിയിച്ചിരുന്നു. കുഞ്ഞിന്റെ രോഗവിവരം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടർ ചികിത്സയ്ക്കുള്ള സഹായം വാഗ്ദാനം ചെയ്തു. ആദ്യഘട്ടത്തിൽ ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് യൂസഫലി നൽകിയത്. കഴിഞ്ഞ ദിവസം തുടർ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ നിർദേശാനുസരണം അഞ്ച് ലക്ഷം രൂപയുടെ സഹായം കൂടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ഹെഡ് എൻബി സ്വരാജ് എന്നിവർ ആശുപത്രിയിൽ നേരിട്ടെത്തി കൈമാറി.
മൂന്ന് വയസു വരെ പൂർണ ആരോഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന്റെ ജീവിതത്തിൽ പെട്ടന്നു വന്ന പനി ഭാവി പ്രതീക്ഷ കെടുത്തിയിരുന്നു. പനി വന്നതോടെ ശരീരം തളർന്ന നിവേദ് പിന്നീട് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല. സംസാരശേഷിയോടൊപ്പം കൈകാലുകളുടെ ചലനശേഷിയും നഷ്ടപ്പെട്ടു. വിദഗ്ധ പരിശോധനയിൽ നിവേദിന് മീഥെയില് മെലോനിക്ക് അനുഡൂരിയ എന്ന അപൂർവ രോഗമാണ് ബാധിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ചാലക്കുടിയിലെ സാൽവിവോ ആയൂർവേദ വെൽനസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി കുട്ടിയെ എത്തിച്ചു.
തെറാപ്പികളിലൂടെ നെർവുകളുടെ ബ്ലോക്ക് മാറ്റുന്ന രീതിയിലൂടെ ഡോക്ടർ സംഗീതിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി. മരുന്നുകളില്ലാത്ത തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയൂ എന്നും ഡോ.സംഗീത് പറയുന്നു. അവശനായി കിടന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നിർധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുക്കാൻ മുന്നോട്ട് വന്ന എംഎ യൂസഫലിക്കുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ലെന്നും ഡോക്ടർ പറഞ്ഞു. തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലിക്കും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് ഒരു വാക്കിൽ ഒതുങ്ങില്ലെന്നും മാതാവ് മനു പറയുന്നു.
















