തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തിയതായി കോടതിയിൽ നിന്ന് കണ്ടെത്തി. കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കണ്ടെത്തിയത്. 2018ൽ പിടിച്ചെടുത്ത ഈ ലഹരിവസ്തുക്കൾ കാണാതായതിനെ തുടർന്ന് കേസ് വിചാരണ നിർത്തിവെച്ചിരുന്നു.
തൊണ്ടിമുതൽ കാണാതായ വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനിടെ കാണാതായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതിന് ശേഷമാണ് തൊണ്ടിമുതൽ കാണാതായത്. എൻഡിപിഎസ് കോടതിയിൽ നൽകേണ്ടിയിരുന്ന തൊണ്ടി ഫോറൻസിക് ലാബിൽ നിന്നും കൊടുത്തത് മറ്റൊരു കോടതിയിലാണ്. ബോധപൂർവമായ അട്ടിമറിയല്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കോടതിയിൽ നിന്നോ പരിശോധനക്കായി കൊണ്ടുപോയ പൊലീസുകാരനിൽ നിന്നോ വസ്തുക്കൾ കാണാതായതാണോ എന്നറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ മുൻപ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതിയോടെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആരെയും പ്രതിയാക്കാതെയാണ് കേസെടുത്തത്. മുടങ്ങിയ വിചാരണ പുനരാരംഭിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ നടപടികൾ ആരംഭിച്ചു.
















