Homepage Featured Kerala News

ജാതി അതിക്ഷേപം നടത്തി, തീസിസിൽ ഒപ്പിട്ടില്ല; കാര്യവട്ടം ക്യാമ്പസ് സംസ്‌കൃതം വിഭാഗം മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡോ. സി.എൻ. വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്യാമ്പസിലെ ഗവേഷകനും മുൻ എസ്എഫ്ഐ നേതാവുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് നടപടി. എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്.

പരാതിപ്രകാരം അധ്യാപിക ജാതി അടിസ്ഥാനമാക്കി ആക്ഷേപങ്ങൾ ഉന്നയിക്കുകയും ഗവേഷണ തീസിസിൽ ഒപ്പിട്ടില്ല എന്നുമാണ് ആരോപണം. എന്നാൽ വിപിന് വിഷയത്തിൽ പ്രാവീണ്യമില്ലെന്നായിരുന്നു അധ്യാപികയുടെ വിലയിരുത്തൽ. ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരങ്ങൾ നൽകാനായില്ലെന്നും സംസ്കൃതഭാഷയിലെ പരിജ്ഞാനം പര്യാപ്തമല്ലെന്നും വകുപ്പ് മേധാവി കഴിഞ്ഞമാസം പുറത്തുവിട്ട കത്തിൽ വ്യക്തമാക്കിയിരുന്നു.

സംസ്കൃത ഭാഷയിൽ പരിജ്ഞാനമില്ലാത്ത ഗവേഷകന് പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്തതിനെതിരെ വിപിൻ വിജയനെതിരെ മറ്റൊരു പരാതിയും ലഭിച്ചിരുന്നു. മൂല്യനിർണയ കമ്മിറ്റിയുടെ ചെയർമാൻ നൽകിയ ശുപാർശ റദ്ദാക്കണമെന്നതാണ് പരാതിയിലെ ആവശ്യം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ‘സദ്ഗുരു സർവസ്വം: ഒരു പഠനം’ എന്ന പേരിലുള്ള ചട്ടമ്പിസ്വാമിയെ സംബന്ധിച്ച പഠനമാണ് വിപിൻ വിജയന്റെ തീസിസ്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. രജിസ്ട്രാറിനും റിസർച്ച് ഡയറക്ടർക്കും ഇതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ആരോപണങ്ങൾക്ക് മറുപടിയായി വിപിൻ വിജയൻ രംഗത്തെത്തി. വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് വിപിൻ വ്യക്തമാക്കി. കാര്യവട്ടം ക്യാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ. ആറുവർഷം മുമ്പ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നുവെന്നും നിലവിൽ എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Related Posts