Homepage Featured Kerala News

അട്ടപ്പാടിയിൽ സൺഷേഡ് വീണ് കുട്ടികൾ മരിച്ച സംഭവം; കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ

പാലക്കാട്: അട്ടപ്പാടിയിൽ വീടിന്റെ സൺഷേഡ് തകന്നുവീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ ദേവി. പല തവണ വിളിച്ചിട്ടും വാഹനം എത്തിയില്ലെന്നും അവസാനം സ്കൂട്ടറിൽ കൊണ്ടുപോകേണ്ടി വന്നു എന്നും ദേവി പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും ബന്ധപ്പെട്ടിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ദേവി ആരോപിച്ചു.

അട്ടപ്പാടി കരുവാര ഉന്നതിയിൽ ഇന്നലെ പണി തീരാത്ത വീടിന്റെ സൺഷേഡ് തകർന്ന് അജയ്–ദേവി ദമ്പതികളുടെ മക്കളായ ആദിയും അജ്നേഷും മരണപ്പെട്ടത്. ബന്ധുവായ ആറുവയസുകാരി അഭിനയക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മുക്കാലിയിൽ നിന്ന് നാലുകിലോമീറ്റർ അകലെയുള്ള വനമേഖലയിലാണ് അപകടം നടന്നത്. വനംവകുപ്പിന്റെ ജീപ്പിലൂടെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
അപകടം നടന്ന വീടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. കുട്ടികൾ കളിക്കാനെത്തിയപ്പോൾ അവർ മേൽക്കൂരയില്ലാത്ത പഴയ വീടിന്റെ സൺഷേഡിൽ കയറിയതാണ് അപകടത്തിന് കാരണമായത്. മഴയും വെയിലും കാരണം സൺഷേഡ് ദുർബലമായ നിലയിലായിരുന്നു. കുട്ടികളും വീട്ടുകാരും തുണി ഉണക്കാനായി ഈ വീടിന്റെ മേൽപ്പുരയിൽ എത്താറുണ്ടായിരുന്നു. സ്കൂൾ അവധിയിലായതിനാൽ കളിക്കാനെത്തിയപ്പോഴാണ് ഈ ദുരന്തം നടന്നത്.

അഗളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts