തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചതെന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍ നിന്നുള്ള സതീശന്‍ എന്ന വ്യക്തിയെയാണ് നിര്‍ദേശിച്ചത്, എന്നാൽ മുന്‍ ചീഫ് സെക്രട്ടറിയും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയകുമാർ തന്നെയാവണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് പിണറായി വിജയൻ നിലപാടെടുത്തതായാണ് വിവരം. ശബരിമലയിൽ ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ശബരിമലയിലെ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള ഐഎഎസ് ഉദ്യോഗസ്ഥനെന്നതാണ് കെ ജയകുമാറിന്റെ പേര് നിർദ്ദേശിക്കാൻ കാരണം. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ജയകുമാർ രണ്ട് തവണ സ്പെഷ്യൽ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാൻ പദവിയിലും അദ്ദേഹമുണ്ടായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ടതെന്നും ജയകുമാർ പ്രതികരിച്ചു.
ചുമതല ഏറ്റെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ശബരിമലയിലെ വിവാദങ്ങളിൽ അന്വേഷണം ശരിയായ ദിശയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിറങ്ങുന്ന പക്ഷം ഈ മാസം പതിനഞ്ചിന് കെ ജയകുമാർ ഐഎഎസ് ചുമതലയേല്‍ക്കും. സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിയെ തുടരാനനുവദിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു.
















