Homepage Featured News World

വംശഹത്യ: നെതന്യാഹുവിനെതിരെ തുർക്കിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച്‌  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന്‌ ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുര്‍ക്കി പറഞ്ഞു.

നെതന്യാഹുവിനു പുറമേ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്‌) ചീഫ് ഓഫ് സ്റ്റാഫ് ലെഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ക്കും തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെയാണ് കാണുന്നതെന്ന് ഇസ്രയേല്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. സ്വേച്ഛാധിപതിയുടെ (തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍) ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ ഈ ആരോപണങ്ങളെ തള്ളുന്നത്.

ഗാസ മുനമ്പില്‍ തങ്ങൾ നിര്‍മിച്ച ‘തുര്‍ക്കി-പലസ്തീന്‍ സൗഹൃദ ആശുപത്രി’യിൽ ഇസ്രയേല്‍ ബോംബിട്ടതിനെക്കുറിച്ചും തുർക്കിയുടെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.
ഇസ്രയേലിന്റെ വലിയ വിമര്‍ശകനായ ഉര്‍ദുഗാന്‍ കാലങ്ങളായി ഹമാസിനെ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷി ചേര്‍ന്നിരുന്നു.

അതേസമയം, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച തുര്‍ക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍ ജനതയ്ക്ക് വേണ്ടി നീതി, മനുഷ്യത്വം, സാഹോദര്യം എന്നീ മൂല്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായ തുര്‍ക്കിയുടെ നടപടി പ്രശംസനീയമാണെന്ന് ഹമാസ് പറഞ്ഞു.

Related Posts