Homepage Featured News World

യുഎഇ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; പിണറായി വിജയൻ അബുദബിയിൽ

ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ പിണറായി വിജയൻ യുഎഇ മന്ത്രിയുമായി അബുദബിയിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് അബുദബിയില്‍വെച്ച് മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അടുത്ത രണ്ടു ദിവസങ്ങളിലുള്ള യുഎഇ സന്ദര്‍ശനത്തോടെ, മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. ഞായറാഴ്‌ച അബുദബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും പങ്കു ചേരും.

നേരത്തേ കുവൈറ്റ് പൗരാവലിയുടെ സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഗ്രാമസഭകള്‍ ചേര്‍ന്നും കുടുംബശ്രീയും സന്നദ്ധ പ്രവര്‍ത്തകരും സഹകരിച്ചുമാണ് കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തിയത്. ക്ഷേമ പെന്‍ഷനുകളിലെ വര്‍ദ്ധനയും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നത് തങ്ങളാണെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തിന് മറുപടിയില്ലെന്നും കുവൈറ്റിലെ പരിപാടിയിൽ പറഞ്ഞിരുന്നു.

കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫിലെ ഭരണകര്‍ത്താക്കള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എം.എ. യൂസഫലിയെയാണ് അവരില്‍ പലരും ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയും മലയാളം മിഷനും കല കുവൈറ്റും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. സൗദി അറേബ്യകൂടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.

Related Posts