അമേരിക്ക: ലോകത്തിലെ ആദ്യ ട്രില്ല്യൺർ ആകാനൊരുങ്ങി ടെസ്ല സിഇഒ എലോൺ മസ്‌ക്. ആകാശത്തോളം കുതിക്കുന്ന സിഇഒമാരുടെ ശമ്പളങ്ങളുടെയും ആനുകൂല്യങ്ങളുടെയും കാലത്ത് എലോൺ മസ്‌കിനെ അടുത്ത പത്തു വർഷത്തേക്ക് ടെസ്ലയുടെ നേതൃത്വത്തിൽ നിലനിർത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ട്രില്ല്യൺ ഡോളർ മൂല്യമുള്ള ശമ്പള പാക്കേജിന് ടെസ്ലയുടെ ഓഹരിയുടമകൾ ഭൂരിപക്ഷത്തോടെ അനുമതി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നിക്ഷേപങ്ങൾ നടത്തി പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന കമ്പനിയുടെ ദീർഘകാല ഭാവി ഉറപ്പാക്കാനുള്ള നീക്കമാണ് ഇത്.
എന്നാൽ ഈ നീക്കത്തിൽ നിക്ഷേപകരുടേയും ഉപദേശകരുടേയും സാമൂഹ്യപ്രവർത്തകരുടേയും ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്. മസ്‌കിന്റെ ഈ പാക്കേജ് അർഹതയില്ലാത്തതാണെന്നും അധികമാണെന്നും അവർ ആരോപിച്ചു. ടെസ്ലയ്ക്ക് പുറത്ത് മസ്‌ക് നടത്തിയ പ്രവർത്തനങ്ങൾ,പ്രത്യേകിച്ച് അമേരിക്കൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി സർവീസ് നയിക്കുന്നതിൽ ചെലവഴിച്ച സമയം കമ്പനിയുടെ ബ്രാൻഡ് ഇമേജിനെ ബാധിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
അതേസമയം മസ്‌കിന്റെ നേതൃത്വത്തിൽ ടെസ്ല ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുകയും ലോകത്തിലെ ഏറ്റവും വിലയേറിയ ഓട്ടോമൊബൈൽ കമ്പനിയായി ഉയരുകയും ചെയ്തു. അതിലൂടെ മസ്‌ക് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനവും നേടി.
















