ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ദേശീയപാതകൾ ഉൾപ്പടെയുള്ള റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന് കോടതിയുടെ നിർദേശം. നായ്ക്കളെയും കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സർക്കാരുകളും ദേശീയപാത അതോറിറ്റികളും ഉടൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മൃഗങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പടെ നായ്ക്കൾ കയറാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ദിവസേന പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കാനുള്ള നടപടികൾ എട്ട് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യകരണം നടത്തണമെന്നും അതിന് ശേഷം അതേ സ്ഥലത്ത് തിരിച്ച് വിടരുതെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾ മുനിസിപ്പൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കണം. ആശുപത്രികൾ അടക്കം പൊതുസ്ഥലങ്ങളിൽ നായ്ക്കൾ കയറാതിരിക്കാനുള്ള ശക്തമായ സംവിധാനം ഒരുക്കണമെന്നും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
















