Homepage Featured India News

17കാരിക്ക് നേരെ വെടിയുതിർത്ത സംഭവം: പ്രതി പിടിയിൽ, വിളിക്കാൻ 8 സിംകാർഡുകൾ

ഫരീദാബാദ്: 17കാരിക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് കീഴ്പ്പെടുത്തിയത്. പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതിയായ ജതിൻ മംഗ്ല എന്ന യുവാവിനെ തിരഞ്ഞ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

നവംമ്പർ 3ന് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ കോച്ചിംഗ് ക്ലാസിൽ നിന്നും മടങ്ങി വരുമ്പോഴാണ് 17 പെൺകുട്ടിയെ യുവാവ് ആക്രമിച്ചത്. ജതിൻ വഴിയിൽ കാത്തിരുന്ന് വെടിയുതിർക്കുകയായിരുന്നു. കുറച്ച് നാളുകളായി ജതിൻ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നിരന്തരം ഫോണിൽ വിളിച്ചും സന്ദേശങ്ങളയച്ചും ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് വേണ്ടി ജതിൻ എട്ട് സിം കാർഡുകൾ വരെ വാങ്ങിയിരുന്നു. ഇയാളുടെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വരുൺ ദഹിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരികളോടൊപ്പം നടന്ന് വരികയായിരുന്ന പെൺകുട്ടിയ്ക്ക് നേരെ ജതിൻ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട പെൺകുട്ടിയുടെ തോളിലും മറ്റൊന്ന് വയറിലുമാണ് തുളച്ച് കയറിയത്. വെടിവെപ്പിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. സംഭവം അന്വേഷിക്കാൻ രൂപീകരിച്ച അഞ്ച് പ്രത്യേക സംഘങ്ങൾ ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.

തെളിവെടുപ്പിനായി ഇന്ന് ജതിനെ വീട്ടിലെത്തിച്ചപ്പോൾ എട്ട് സിം കാർഡുകളും വീടിനടുത്ത് ഒളിപ്പിച്ച തോക്കും പൊലീസ് കണ്ടെത്തി. ആയുധം വീണ്ടെടുക്കുന്നതിനിടെ ജതിൻ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ അന്വേഷണ സംഘം പ്രതിയുടെ കാലിൽ വെടിയുതിർക്കേണ്ടി വന്നു. പൊലീസിന് നേരെ വെടിയുതിർത്തെങ്കിലും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts