തിരുവനന്തപുരം: സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ആരോപിച്ച് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തും. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സംഘടന അറിയിച്ചു.
ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന ആരോപിച്ചു.
മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്കരണം നടത്തിയപ്പോൾ, ദൂരപ്രദേശങ്ങളിൽ നിന്ന് പോലും മുതിർന്ന ഡോക്ടർമാർ റഫർ ചെയ്ത് വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികൾക്ക് പി.ജി. വിദ്യാർത്ഥികളിലൂടെ താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ.എന്നിട്ടും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ തയ്യാറായില്ലെന്നും സംഘടന. ഈ സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.ജി.എം.സി.ടി.എയുടെ പ്രധാന ആവശ്യങ്ങൾ
- പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക.
- 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക.
- പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകൾ സൃഷ്ടിക്കുക.
- അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക.
- ഒഴിവ് കിടക്കുന്ന തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക.
- മെഡിക്കൽ കോളേജുകളിൽ അധ്യാപകർക്കും രോഗികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
- പെൻഷൻ സീലിംഗ് സംബന്ധമായ അപാകത പരിഹരിക്കുക.
- ഡി.എ. കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക.
















