Homepage Featured Kerala News

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. നടിക്കെതിരെ പരാതിയില്ല എന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനാലാണ് കേസ് റദ്ദാക്കിയത്. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു. സംഭവസമയത്ത് യുവാവിന്റെ സംഘത്തിൽ ഉണ്ടായിരുന്ന യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിനിടയാക്കിയത് എന്നാണ് ലഭിച്ച വിവരം.

ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐ ടി ജീവനക്കാരന്റെ കൂട്ടത്തിൽപ്പെട്ട ഒരാൾ ബിയർ ബോട്ടിൽ എറിഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. തുടർന്ന് കാർ തടഞ്ഞുനിർത്തി യുവാവിനെ ബലമായി കയറ്റിക്കൊണ്ടുപോയി. ഇയാളെ പറവൂരിലെ വെടിമറയിലേക്ക് കൊണ്ടുപോയി മർദ്ദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയ ശേഷമാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് കണ്ടെത്തി. കേസിൽ ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളായ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

Related Posts