Homepage Featured Kerala News

വേണു മരിച്ചതല്ല, കൊലപ്പെടുത്തിയത്; സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച വേണു “ആരോഗ്യകേരളം വെന്റിലേറ്ററിലായതിന്റെ ഇര” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വേണുവിന്റെ മരണം സ്വാഭാവികമല്ല, കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ തകർത്തുതെറിപ്പിച്ച ആരോഗ്യവകുപ്പിന്റെയും കുത്തഴിഞ്ഞ സംവിധാനങ്ങളുടെയും കൂട്ടക്കൊല തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

“ആരോഗ്യമന്ത്രിക്കും സർക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. തന്റെ ശബ്ദസന്ദേശത്തിലൂടെ, മരണശേഷവും വേണു തന്നെ മരണത്തിലേക്ക് തള്ളിയിട്ട സംവിധാനത്തെക്കുറിച്ച് കേരളത്തോട് സംസാരിക്കുന്നു. സർക്കാർ ആശുപത്രികളിൽ ആശ്രയം തേടുന്ന സാധാരണക്കാരുടെ വേദനയും നിരാശയും തന്നെയാണ് ആ ശബ്ദത്തിൽ മുഴങ്ങുന്നത്,” എന്ന് സതീശൻ പറഞ്ഞു.

അടിയന്തര ആഞ്ചിയോഗ്രാമിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും രോഗികളെ തിരിഞ്ഞുനോക്കുന്നില്ല എന്ന വേണുവിന്റെ വാക്കുകൾ തന്നെ ആശുപത്രിയിലെ ദുരവസ്ഥയുടെ തെളിവാണെന്ന് സതീശൻ പറഞ്ഞു.

“ആരോഗ്യമന്ത്രി പറഞ്ഞതുപോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാൽ ആ തകരാർ പരിഹരിക്കാൻ മന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് യാതൊരു ശ്രമവും നടക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ പരാജയം തുറന്നു പറഞ്ഞ മെഡിക്കൽ കോളജിലെ വകുപ്പ് തലവൻ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ച മന്ത്രിയാണ് ഇതേ വ്യക്തി. നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് സർക്കാർ മറക്കരുത്,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Posts