Homepage Featured Kerala News

ജീവൻ പണയംവെച്ച് ട്രെയിനിൽ പെൺകുട്ടിയെ രക്ഷിച്ചയാളാര്?;സിസിടിവി ദൃശ്യം ലഭിച്ചു, രക്ഷകനെ കണ്ടെത്താൻ റെയിൽവേ

തിരുവനന്തപുരം: തീവണ്ടിയിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവത്തിൽ രണ്ടാമത്തെ പെൺകുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചതാരെന്ന് അന്വേഷിച്ച് റെയിൽവേ. ഇദ്ദേഹം പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കീഴ്പ്പെടുത്തിയതും ഇയാളാണ്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പൊലീസ് ഒരുങ്ങുകയാണ്.

വർക്കല ട്രെയിൻ ആക്രമണത്തിൽ സംഭവം നടന്ന ബോഗിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ആർപിഎഫ് ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയത്. പ്രതിയായ സുരേഷ് കുമാർ രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പു വസ്ത്രം ധരിച്ച ആൾ ഓടിയെത്തി ഒരുകൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുന്നതും അക്രമിയെ കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതുവരെ ഇയാളാരാണെന്നതിൽ വ്യക്തതയില്ല.

അതേസമയം സംഭവത്തിലെ പ്രതി പനച്ചമൂട് വടക്കുംകര വീട്ടിൽ സുരേഷ്‌കുമാറിനെ (50) സാക്ഷികൾക്കു മുന്നിലെത്തിച്ച് അന്വേഷണസംഘം തിരിച്ചറിയൽ പരേഡ് നടത്തും. ജയിലിൽ വെച്ചാകും തിരിച്ചറിയൽ പരേഡ്. ഇതിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ശ്രീക്കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചന ചിത്രങ്ങളും വീഡിയോയും കണ്ട് പ്രതിയെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിനിരയായി തീവണ്ടിയിൽ നിന്നു തെറിച്ചുവീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും തീവണ്ടിക്കുള്ളിൽ സുരേഷ്‌കുമാറുമായി തർക്കിക്കുന്ന ക്യാമറാദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ തീവണ്ടിക്കുള്ളിൽ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ ജനറൽ കംപാർട്ടുമെന്റിൽ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു കേരളത്തെ നടുക്കിയ ക്രൂരത നടന്നത്.

കോട്ടയത്തുനിന്ന് മദ്യപിച്ച അവസ്ഥയിൽ തീവണ്ടിയിൽ കയറിയ പ്രതിക്കൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട് എന്നാൽ, സീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ഇയാൾ അക്രമത്തിൽ പങ്കാളിയല്ല.

Related Posts