പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് സിപിഎം തീരുമാനം. സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങൾ പാർട്ടി കണക്കിലെടത്തതായാണ് വിവരം. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തേ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് സിപിഎം പുന:പരിശോധിക്കുന്നത്.
സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങളും കേസിലെ അന്വേഷണം നിലവിലെ ബോര്‍ഡിലേക്കും നീങ്ങുന്നതും കണ്ടതോടെയാണ് സിപിഎം തീരുമാനം മാറ്റിയത്. ബോര്‍ഡിന്റെ കാലാവധി 13-ന് കഴിയും. അതിനു മുന്‍പായി പുതിയ ബോര്‍ഡിനെ തെരഞ്ഞെടുക്കാനുള്ള നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന കൗണ്‍സില്‍ അംഗമായ വിളപ്പില്‍ രാധാകൃഷ്ണൻ സിപിഐ പ്രതിനിധിയായി ദേവസ്വം ബോര്‍ഡിലെത്തും. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ശബരിമലയിലെ സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചയിലെ അന്വേഷണം നീണ്ടതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയാതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ മാസം 17-നാണ് മണ്ഡലകാലം ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായാല്‍, അടിയന്തരസാഹചര്യം കമ്മിഷനെ ബോധ്യപ്പെടുത്തി ബോര്‍ഡ് തെരഞ്ഞെടുപ്പിനുള്ള അനുമതി വാങ്ങിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ബോര്‍ഡ് കാലാവധി കഴിയുകയും പുതിയ ബോര്‍ഡിനെ തെരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒരു സമിതിയെ നിയോഗിച്ച് മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും.
















