Homepage Featured Kerala News

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്തി; കവിത കൊലക്കേസില്‍ അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും പിഴയും

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട കവിയൂർ സ്വദേശിനി കവിതയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായി ആരോപിച്ച് 2019 മാർച്ച് 12 ന് തിരുവല്ല നഗരത്തിൽ വെച്ചായിരുന്നു അജിൻ കവിതയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം തീക്കൊളുത്തി കൊലപ്പെടുത്തിയത്. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം. തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടർന്നാണ് സംഭവസ്ഥലത്തെത്തി കവിതയെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. ​ഗുരുതരമായി പരുക്കേറ്റ കവിതയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കവിതയും പ്രതി അജിനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. പ്ലസ്ടുവിനു ശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്സിന് ചേർന്നു. സംഭവദിവസം രാവിലെ കവിത ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു ആക്രമിച്ച് കൊലപ്പെടുത്തിയത്.

Related Posts