Homepage Featured Kerala News

‘ഉജ്ജ്വലബാല്യം’; 51 കുട്ടികൾക്ക് വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി 51 കുട്ടികൾക്കാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നല്‍കുന്നതാണ് പുരസ്കാരം.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളെയും, ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയുമാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കി വരുന്നത്.

കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതുവിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പുരസ്‌കാരം നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ട നാല് കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുക.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ തലത്തില്‍ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 14 ജില്ലകളില്‍ നിന്നുമായി 2024 ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായാണ് 51 കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Related Posts