ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ബിഹാർ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപാണ് വാർത്താസമ്മേളനം. വാര്‍ത്താസമ്മേളനത്തിലെ വിശദാംശങ്ങള്‍ വ്യക്തതയില്ലെങ്കിലും ഒരു ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്ന് മുന്നേ പറഞ്ഞിരുന്നതിനാല്‍, അതാണോ ഇത് എന്ന് സംശയിക്കുന്നവരുമുണ്ട്.
ബിഹാർ തെരഞ്ഞടുപ്പിനു മുമ്പായതിനാൽ ഈ ഹൈഡ്രജൻ ബോംബ് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങളാണോ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയോ ആകാൻ സാധ്യതയുണ്ട്. നേരത്തേ അദ്ദേഹം ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിന്റെ തുടർച്ചയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. വോട്ടര്‍പ്പട്ടികയില്‍നിന്ന് ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ നീക്കം ചെയ്തതിന്റെ തെളിവുകള്‍ രാഹുൽ ഗാന്ധി നേരത്തേ പുറത്തുവിട്ടിരുന്നു. തുടർന്ന് അതൊരു ആറ്റംബോംബ് മാത്രമാണെന്നും ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ അന്ന് കൂട്ടിച്ചേർത്തിരുന്നു.
നവംബർ 6 വ്യാഴാഴ്ചയാണ് ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം നവംബർ 11 നും നടക്കും. 243 മണ്ഡലങ്ങളിൽ 121 മണ്ഡലങ്ങളിലാണ് നാളെ ഒന്നാംഘട്ടവോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.
















