ഡൽഹി: ബിഹാർ ഇലക്ഷന് തൊട്ടു മുമ്പ് ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഹരിയാനയുമായി ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തി വാർത്താ സമ്മേളനം നടത്തുകയാണ് രാഹുൽ ഗാന്ധി. ഹരിയാനയുമായി ബന്ധപ്പെട്ട് നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയെന്ന് രാഹുൽഗാന്ധി പറഞ്ഞു. നിരവധി പരാതികൾ ഹരിയാനയിൽ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 25 ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. നടന്നത് ഓപ്പറേഷൻ സർക്കാർ വോട്ട് ചോരിയാണെന്നും അദ്ദേഹം പറയുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ലഭിച്ചതായി കാണാം. എക്സിറ്റ് പോൾ സർവേകളിലും കോൺഗ്രസ്സിനായിരുന്നു മുൻതൂക്കമെന്ന് രാഹുൽ തെളിവു സഹിതം വിശദീകരിക്കുന്നു.
ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ കണ്ടെത്തലുകളെന്ന മുഖപുരയോടെയാണ് രാഹുൽഗാന്ധിയുടെ വാർത്താ സമ്മേളനം ആരംഭിച്ചത്. 93174 തെറ്റായ മേൽവിലാസങ്ങൾ ഉപയോഗിച്ച് ഹരിയാനയിൽ വോട്ടുചേർത്തതായി രാഹുൽഗാന്ധി ആരോപിക്കുന്നു. ഇതോടൊപ്പം 5 ലക്ഷത്തിലധികം ഇരട്ടവോട്ടുകളും 19 ലക്ഷത്തിലധികം ബൾക്ക് വോട്ടർമാരും അടങ്ങുന്നതാണ് 25 ലക്ഷത്തിലധികം വരുന്ന വോട്ട് ചോരിയെന്ന് രാഹുൽഗാന്ധി പറയുന്നു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകർത്തതായി രാഹുൽഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. വോട്ട് ചോരിക്ക് ഇരയായവരിൽ ചിലരുടെ വീഡിയോയിലൂടെയുള്ള സന്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു പ്രതിപക്ഷനേതാവിന്റെ വാർത്താ സമ്മേളനം.
ബ്രസീൽ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പോലും വോട്ട് ചോരി നടന്നു. ഒരു വീട്ടിൽ തന്നെ നൂറിലധികം വോട്ടർമാരെ ചേർത്തിരിക്കുന്നു. ഒരാൾ തന്നെ 200 ലധികം തവണ വോട്ടർപട്ടികയിൽ ഇടംപിടിച്ചതായും രാഹുൽഗാന്ധി ചൂണ്ടിക്കാണിക്കുന്നു. വോട്ട് ചോരിയുമായി ബന്ധപ്പെട്ട് വിവിധ ബിജെപി നേതാക്കളുടെ വീരവാദങ്ങളുടേയും വീഡിയോ രാഹുൽഗാന്ധിയുടെ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബി ഗോപാലകൃഷ്ണന്റെ പരാമർശങ്ങളും രാഹുൽഗാന്ധി ദേശീയതലത്തിൽ ചർച്ചയാക്കിയിട്ടുണ്ട്.
















