Homepage Featured India News

ബ്രഹ്മോസ് മിസൈൽ; ഫിലിപ്പിന്‍സിന് പിന്നാലെ ഇൻഡൊനീഷ്യയും ഇന്ത്യയുമായി കരാർ ഒപ്പിടുന്നു

ഡൽഹി: ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനായി ഫിലിപ്പിന്‍സിന് പിന്നാലെ ഇൻഡൊനീഷ്യയും ഇന്ത്യയുമായി കരാർ ഒപ്പിടുന്നു. എഎന്‍ഐ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബ്രഹ്‌മോസില്‍ റഷ്യയ്ക്കും പങ്കാളിത്തമുള്ളതിനാല്‍ കരാറിന് റഷ്യയുടെ അംഗീകാരംകൂടി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സമീപകാലത്ത് ഇന്ത്യ- ഇൻഡൊനീഷ്യ പ്രതിരോധ സഹകരണം ശക്തമായിരുന്നു. ഫിലിപ്പിന്‍സ് ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങിയതിന് പിന്നാലെ താത്പര്യം പ്രകടിപ്പിച്ച് ഇൻഡൊനീഷ്യയും രംഗത്ത് വന്നിരുന്നു. ചെറിയ നാവികസേന മാത്രമുള്ള ഇൻഡൊനീഷ്യയ്ക്ക് തീരസുരക്ഷയ്ക്കായാണ് ബ്രഹ്മോസ് ആവശ്യമാകുന്നത്.
പ്രതിരോധ ഇടപാട് സംബന്ധിച്ച് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ ഇൻഡൊനീഷ്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനത്തോടെ വേഗത കൈവരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തകർത്തത് ബ്രഹ്‌മോസിന്റെ കൃത്യതയായിരുന്നു.

ഇന്ത്യയും ഇൻഡൊനീഷ്യയ്ക്കും സമാനമായ ഇന്തൊ-പസഫിക് നയമാണുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം സഹകരിക്കുന്നുമുണ്ട്. അടുത്തിടെ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറര്‍ അനില്‍ ചൗഹന്‍ ഇൻഡൊനീഷ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇൻഡൊനീഷ്യയുമായുള്ള പ്രതിരോധ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ചൈനയ്ക്ക് മേധാവിത്വമുണ്ടായിരുന്ന കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ഇന്ത്യയും ചുവടുറപ്പിക്കുകയാണ്.

ഇൻഡൊനീഷ്യയ്ക്ക് പുറമെ മറ്റൊരു രാജ്യവും ഉടനെ ബ്രഹ്‌മോസ് വാങ്ങിയേക്കുമെന്നാണ് വിവരം. എന്നാൽ ഏത് രാജ്യമാണെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വിയറ്റ്‌നാമാണ് ആ രാജ്യമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌. ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാനുള്ള കരാര്‍ 2023ലാണ് ഫിലിപ്പിന്‍സ് ഒപ്പിട്ടത്. ഏകദേശം 3323 കോടിരൂപയുടേതായിരുന്നു കരാർ. ഇത് പ്രകാരമുള്ള മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പൂര്‍ണമായും ഫിലിപ്പിന്‍സിന് കൈമാറിക്കഴിഞ്ഞു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് നൽകിയത്. നിലവില്‍ ഇന്ത്യയ്ക്ക് 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്‌മോസ് മിസൈലുകളുണ്ട്. എന്നാൽ ‘മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജി’മിൽ ( എംടിസിആര്‍) അംഗമല്ലാത്തതിനാലാണ് ഫിലിപ്പൈൻസിന് 290 കിലോമീറ്റര്‍ പരിധിയുള്ള മിസൈൽ നൽകിയത്.

Related Posts