വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് വിജയം. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും അദ്ദേഹം. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തമാകും.
ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സര്‍വകലാശാലാ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്‌റാന്‍ മംദാനിയുടെ ജനനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ച നേതാവാണ് മംദാനി. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്. ഏഴു വര്‍ഷം മുന്‍പാണ് അമേരിക്കന്‍ പൗരത്വം പൗരത്വം നേടിയത്.
ട്രംപ് പിന്തുണച്ച പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമാണ് ആന്‍ഡ്രൂ ക്വോമോ. ഇദ്ദേഹത്തെ മറികടന്നാണ് മംദാനി വിജയത്തിലേക്ക് കുതിക്കുന്നത്. ആന്‍ഡ്രൂ ക്വോമോ മംദാനിയേക്കാൾ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്.
അതേസമയം വിർജീനിയയിൽ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി അബിഗെയ്ൽ സ്പാൻബെർഗർ വിജയിച്ചു. വിർജിനിയയിലെ ആദ്യ വനിതാ ഗവർണറാണ് അബിഗെയ്ൽ. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിൻസം ഏർലി സിയേഴ്സിനെ പരാജയപ്പെടുത്തിയാണ് അബിഗെയ്ൽ അധികാരത്തിലെത്തിയത്.
















