India Lead News News

2023-ൽ ഏഴിലൊരാളുടെ മരണത്തിനു കാരണം വായുമലിനീകരണം; റിപ്പോർട്ട് തള്ളി കേന്ദ്രം

ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്നാണ് മന്ത്രാലയം റിപ്പോർട്ട് തള്ളിയത്.

വായുമലിനീകരണത്തെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമായി കണക്കാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിലെ (CREA) പഠനറിപ്പോർട്ട് വിരൽചൂണ്ടുന്നത്. ജിബിഡി ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വായുമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന 250-ലധികം ‘എപ്പിഡെമിയോളജിക്കൽ’ പഠനങ്ങൾ രാജ്യത്ത് പുറത്തുവന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നിർണായക നടപടി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല, വായു അറകളെയും രക്തപ്രവാഹത്തെയും വരെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ‘സൂക്ഷ്മകണികകൾ വായു അറകളിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിച്ചേക്കാം. കാലക്രമേണ, ഈ കണികകൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകും.’- CREA-യിലെ അനലിസ്റ്റ് ഡോ. മനോജ് കുമാർ പറഞ്ഞു.

2023-ലെ മരണനിരക്കിന് കാരണമായ മറ്റ് ഘടകങ്ങൾ പരിശോധിക്കുമ്പോൾ 12.5 ശതമാനം മരണത്തിനു കാരണം ഉയർന്ന രക്തസമ്മർദ്ദമാണ്. 9 ശതമാനം പേർ പ്രമേഹം മൂലവും 6 ശതമാനം പേർ ഉയർന്ന കൊളസ്ട്രോൾ മൂലവുമാണ് മരിച്ചത്. 5.6 ശതമാനം പേരാണ് അമിതവണ്ണം കാരണമായി മരിച്ചതെന്നും പഠനങ്ങളുണ്ട്. വായുമലിനീകരണം മൂലം 2023-ൽ 17,188 പേർ മരിച്ചതായി പഠനങ്ങൾ പറയുന്നു. 2018 ൽ മരണസംഖ്യ 15,786 ആയിരുന്നു. ഡൽഹിയിലെ മലിനീകരണത്തിൽ പ്രധാന പങ്കും വാഹനപ്പുകയിലൂടെയാണ്. ബോധവൽക്കരണത്തേക്കാൾ സർക്കാർ നിയന്ത്രണങ്ങളാണ് ആവശ്യമെന്നും പഠനങ്ങൾ പറയുന്നു.

Related Posts