തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് മുതൽ. വിവരങ്ങൾ ശേഖരിക്കാൻ വീടുകളിൽ എത്തുന്ന ബിഎൽഒമാർക്ക് ഇരട്ടി പണി ചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്.വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന ബിഎൽഒമാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ ഇറക്കിയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകം അല്ലെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് വീണ്ടും ഉത്തരവ് ഇറക്കിക്കുകയായിരുന്നു. മറ്റ് ജോലികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണം എന്ന ജീവനക്കാരുടെ ആവശ്യത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറിന്റെ ഭാഗമായി ജോലി ചെയ്യുന്ന ബിഎൽഒമാരെ മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കി എന്ന് കാണിച്ച് വീണ്ടും പുതിയ ഉത്തരവ് ഇറക്കിയത്. ഇതോടെ കമ്മീഷൻ ബിഎൽഒമാരുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബിഎൽഒമാർ വീടുകളിലെത്തും. വ്യക്തികളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം എന്യൂമറേഷൻ ഫോമുകൾ കൈമാറും. ഏകദേശം ഒരു മാസം നീളുന്ന നടപടിയാണ് ഇത്. പോർട്ടലിൽ പേരുള്ള വിവിഐപികളുടെ വീടുകളിൽ കളക്ടർമാർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയായിരിക്കും സർവേ നടത്തുക.
കേരളത്തോടെപ്പം തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങൾ ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തി നേരിട്ടുള്ള സർവേയ്ക്ക് തുടക്കമിടും. 12 ഇടങ്ങളിലായി 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ 9ന് കരട് പട്ടിക പുറത്തിറക്കുകയും 2026 ഫെബ്രുവരി 7ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും ചെയ്യും.
















