കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
തവസി, കാര്‍ത്തിക്, കാളീശ്വരൻ എന്നിവരെയാണ് പൊലീസ് വെടിവെച്ച് വീഴ്ത്തി കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് കോയമ്പത്തൂരിലെ വെള്ളക്കിണറില്‍ വെച്ച് പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയായ 21-കാരിയെയാണ് ഞായറാഴ്ച രാത്രിയോടെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. രാത്രി 11 മണിയോടെ കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമുള്ള വൃന്ദാവന്‍ നഗറിലായിരുന്നു സംഭവം.
പെൺകുട്ടി സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോൾ ബൈക്കില്‍ വന്ന മൂന്നുപേര്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. പേടിച്ചു പുറത്തിറങ്ങിയ പെൺകുട്ടിയേയും സുഹൃത്തിനേയും രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ചു. മൂന്നാമന്‍ യുവതിയെയും ആക്രമിച്ചു. എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു യുവതിയെ ബലം പ്രയോഗിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മര്‍ദനമേറ്റ് അവശനായ യുവാവ് അല്പസമയത്തിനുശേഷം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ റെയില്‍പ്പാളത്തിന് സമീപമുള്ള വിജനമായ പറമ്പില്‍ യുവതിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ മൂന്നുപേരും കോവില്‍ പാളയത്തുനിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു വന്നതെന്നും പീളമേട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
















