Homepage Featured Kerala News

ഈ മാസം മുതൽ ആശാ പ്രവർത്തകർക്ക് 8000 രൂപ ഓണറേറിയം; 26,125 പേർക്ക് പ്രയോജനം ലഭിക്കും, സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഓണറേറിയം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നവംബർ ഒന്ന് മുതൽ പ്രതിമാസം 8,000 രൂപ ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നു. നിലവിലെ ഓണറേറിയത്തിൽ നിന്ന് 1,000 രൂപയുടെ വർധനവാണ് ഇതിലൂടെ ലഭിക്കുക. സംസ്ഥാനത്തെ 26,125 ആശാ പ്രവർത്തകർക്ക് ഈ തീരുമാനം പ്രയോജനപ്പെടും. ഇതിന് പ്രതിവർഷം ഏകദേശം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ പ്രവർത്തകർ കഴിഞ്ഞ 266 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകലില്ലാതെ സമരം നടത്തിവരികയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആശാമാർ സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത പ്രതിജ്ഞാ റാലിയോടെയാണ് സമരാവസാനം. രമേശ് ചെന്നിത്തല, കെ.കെ. രമ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി നിരവധി നേതാക്കൾ സമര പന്തലിലെത്തി ആശമാരെ അഭിനന്ദിച്ചു.

എന്നാൽ ഓണറേറിയം 21,000 രൂപയാക്കി ഉയർത്താനും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം നിറവേറ്റുന്നത് വരെ ജില്ലാ തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരത്തിന് ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

കടുത്ത പ്രതിസന്ധികൾക്കും പൊലീസ് നടപടികൾക്കും നടുവിലായിരുന്നു ആശമാരുടെ സമരം. മുടിമുറിക്കൽ അടക്കമുള്ള രൂക്ഷമായ സമരരീതികൾ സ്വീകരിച്ച ആശമാർ ഒടുവിൽ തെരഞ്ഞെടുപ്പിന് മുൻപായി ആയിരം രൂപയുടെ വർധന പ്രഖ്യാപിച്ചതിനെ ഭാഗിക വിജയമായി കണക്കാക്കി സമരം അവസാനിപ്പിച്ചു. അടിസ്ഥാന സേവന വിഭാഗങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തെയും ഇരട്ടത്താപ്പിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ആശാ പ്രവർത്തകർ തത്കാലം സമരത്തിൽ നിന്ന് പിൻവാങ്ങുന്നത്.

Related Posts