കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കലൂർ സ്റ്റേഡിയം കൈമാറ്റം വിവാദത്തിലായതിനെ തുടർന്ന്, നിയമകുരുക്ക് ഒഴിവാക്കാൻ പുതിയ നീക്കവുമായി കായികവകുപ്പും ജിസിഡിഎയും രംഗത്ത്. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി സ്പോൺസറുമായി പുതിയ ത്രികക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുവിഭാഗങ്ങളും.
സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് കായികമന്ത്രി ഇന്നലെ സമ്മതിച്ചതോടെയാണ് കാര്യങ്ങൾ പുതിയ വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു. ഇതുവരെ കരാർ നിലവിലുണ്ടെന്നായിരുന്നു മന്ത്രിയുടേയും ജിസിഡിഎ ചെയർമാന്റെയും അവകാശവാദം. എന്നാൽ മാധ്യമങ്ങൾ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങൾ തേടിയതിനെ തുടർന്നാണ് യഥാർത്ഥ സ്ഥിതി വെളിപ്പെട്ടത്.
മെസി നവംബറിൽ കേരളത്തിലെത്തില്ലെന്ന വാർത്ത പുറത്ത് വന്നതോടെയാണ് കലൂർ സ്റ്റേഡിയം കൈമാറ്റത്തിലെ ക്രമക്കേടുകൾ പൊതുചർച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയത് എന്ന ആവർത്തിച്ച ചോദ്യങ്ങൾക്കൊക്കെ മന്ത്രിയും ജിസിഡിഎയും കരാർ ഉണ്ടെന്ന മറുപടിയായിരുന്നു നൽകിയത്. എന്നാൽ മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതിരുന്നത് സംശയം കൂടുതൽ ശക്തമാക്കി.
രേഖകളിൽ ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ എന്നിവർ ഒപ്പിട്ട ഒരു പേപ്പർ മാത്രമാണ് ലഭ്യമായത്. എന്നാൽ ഇതിൽ യാതൊരു വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടില്ല. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറ്റം നടന്നതെങ്കിൽ അതി ഗുരുതരമായ നിയമലംഘനമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയം യാതൊരു ഔദ്യോഗിക കരാറുമില്ലാതെ സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ജിസിഡിഎയും കായികവകുപ്പും നിയമസംബന്ധമായ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ത്രികക്ഷി കരാർ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
















