ഡൽഹി: പൊതുറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദത്തിൽ. ബിഹാറിലെ ഔറംഗാബാദിൽ ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തിന്റെ ഭരണ സംവിധാനത്തേയും സൈന്യത്തേയും പരോക്ഷമായി വിമർശിച്ച് പ്രസംഗം നടത്തിയത്. രാജ്യത്തിന്റെ 10 ശതമാനം ജനസംഖ്യയുള്ള ഉന്നത ജാതിക്കാരാണ് സൈന്യത്തെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
‘ഉന്നത ജാതികൾക്ക് കോർപ്പറേറ്റ് മേഖല, ബ്യൂറോക്രസി, നീതിന്യായവ്യവസ്ഥ എന്നിവയിലാകെ അവസരങ്ങൾ ലഭിക്കുന്നു. സൈന്യവും അവരുടെ നിയന്ത്രണത്തിലാണ്. മറ്റ് 90 ശതമാനം ജനങ്ങൾ – പിന്നാക്കക്കാർ, ദളിതർ, പട്ടികവർഗങ്ങൾ, മറ്റു ന്യൂനപക്ഷങ്ങൾ ഇവരെ എവിടെയും കാണുന്നില്ല’- രാഹുൽ ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഉന്നയിച്ചുവരുന്ന സാമൂഹ്യനീതിയുടെയും തുല്യനീതിയുടേയും ആവശ്യങ്ങൾ ആവർത്തിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിൽ പ്രധാനമായും പ്രതിപക്ഷം മുന്നോട്ടുവെച്ച ദേശീയ ജാതി സെൻസസെന്ന ആവശ്യമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
ദേശീയ ജാതി സെൻസസ് വഴി 90 ശതമാനം ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയാനും, അവരുടെ അവകാശങ്ങളും ഭരണഘടനാപരമായ ഉറപ്പുകളും സംരക്ഷിക്കാനും കഴിയും. നമുക്ക് ആ ഡാറ്റ വേണം, എത്ര ദളിതർ, ഒബിസികൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നത് അറിയണം. ജാതി സെൻസസിലൂടെ ഭരണഘടനയെ സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മുൻപ് രാഹുൽ ഗാന്ധി സൈന്യത്തെ വിമർശിച്ച നടപടി വിവാദമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം ചൈനീസ് സൈന്യം അരുണാചൽപ്രദേശിൽ ഇന്ത്യൻ സൈനികരെ മർദ്ദിക്കുന്നു എന്ന പ്രസ്താവന നടത്തിയതിൽ സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.
















