- അപകടത്തിന് വഴിവെച്ചത് സിഗ്നൽ തകരാറെന്ന് സൂചന
ബിലാസ്പുർ: ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ലോക്കൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ജയറാം നഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം. നിരവധി പേർ മരിച്ചതായാണ് വിവരം. കുറഞ്ഞത് 6 പേരെങ്കിലും മരിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 4 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മെമു ട്രെയിനിന്റെ കോച്ച് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറി. എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു.
സിഗ്നൽ തകരാറാണ് അപകടത്തിലേക്ക് നയിച്ച കാരണമെന്ന് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പാക്കാൻ റെയിൽവേയും സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ, പൊലീസ്, വൈദ്യസഹായം എന്നിവയെല്ലാം പരിശ്രമിക്കുന്നുണ്ട്. മെമു ട്രെയിനിൽ കുടുങ്ങിയവരെ പുറത്തെത്തിന്ന് വൈദ്യസഹായം ഡോക്ടർമാരുടെ സംഘം നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഉൾപ്പടെ നിരവധി ആംബുലൻസുകളും അപകട സ്ഥലത്തേക്ക് എത്തിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ആറ് പേർ മരിച്ചതായി ബിലാസ് പൂർ പൊലീസ് സൂപ്രണ്ടന്റ് രഞ്ജീഷ് സിംഗ് പ്രതികരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മെമു ട്രെയിനിന്റെ ഫ്രണ്ട് കോച്ച് പൂർണമായി തകർന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
അപകടം മൂലം ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ബദൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽ വേ അധികൃതർ വ്യക്തമാക്കുന്നു. ട്രാക്കുകൾ പുനഃസ്ഥാപിക്കുന്നതിനും വൈദ്യുത സംവിധാനങ്ങൾ നന്നാക്കുന്നതിനും സാങ്കേതിക സംഘങ്ങൾ രാത്രി മുഴുവൻ പ്രവർത്തിക്കുമെന്ന് റെയിൽവേ അറിയിക്കുന്നത്.
















