തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. പെൺകുട്ടിയുടെ തലച്ചോറിൽ ചതവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. ന്യൂറോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് ചികിത്സ നൽകുന്നത്.
ശ്രീക്കുട്ടിയുടെ കുടുംബം മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മികച്ച ചികിത്സയാണ് ആശുപത്രിയിൽ ലഭ്യമാക്കുന്നതെന്നും പ്രഗത്ഭരായ ഡോക്ടർമാരാണ് ചികിത്സിക്കുന്നത് എന്നും ഡോ. ജയചന്ദ്രൻ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് യുവതിയെ മദ്യലഹരിയിലായിരുന്നയാൾ ട്രെയ്നിൽ നിന്ന് തള്ളിയിട്ടത്. ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ സഹയാത്രികനായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാറുമായി വാക്കുതർക്കം ഉണ്ടായി. വാതിൽക്കൽ നിന്ന് മാറാത്തതിനെതിരെ വൈരാഗ്യത്തോടെ സുരേഷ് പെൺകുട്ടിയെ പിന്നിൽ നിന്ന് തള്ളിയിട്ടതാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്രീക്കുട്ടി ട്രെയിനിൽ നിന്ന് പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തലയിൽ നിന്നും രക്തസ്രാവം ഉണ്ടായി അബോധാവസ്ഥയിലായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേയെടുത്തു. സുരേഷ് കുമാറിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
















