Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ശബരിമലയിലെ സ്വർണം പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവർധന് 15 ലക്ഷം രൂപയ്‌ക്ക് വിറ്റു എന്ന് ഗോവർധൻ എസ്‌ഐടി സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ശബരിമലയുടെ പേരിൽ പല തവണകളായി ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നും ഗോവർധൻ മൊഴി നൽകി.476 ഗ്രാം സ്വർണം ​ഗോവർധനു വിറ്റപ്പോൾ ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. സ്വർണം പൂശലുമായി ബന്ധപ്പെട്ട് പലതവണകളായി 60 പവനോളം സ്വർണവും പൂജകളുടെയും അന്നദാനത്തിന്റെയും പേരിൽ 70 ലക്ഷത്തോളം രൂപയും തന്നിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് ​ഗോവർധന്റെ മൊഴി.

ശബരിമലയിലെ സ്വർണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി, ഇവിടെ വെച്ച് ഉരുക്കിയശേഷം ബാക്കി വന്ന 476 ഗ്രാം സ്വർണമാണ് 2019ൽ ഗോവർധന് വിറ്റിരുന്നത്. ഇതിനു തുല്യമായ സ്വർണം നേരത്തേ അന്വേഷണസംഘം ബെല്ലാരിയിൽ കണ്ടുകെട്ടിയിരുന്നു. ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധനിൽ നിന്ന് ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിലാണ് പണം വാങ്ങിയിരുന്നത്. ശബരിമലയിലെ അസിസ്റ്റന്റ് ശാന്തിയാണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനെ സമീപിച്ചിരുന്നത്. ഗോവർധനടക്കമുള്ളവർ ശബരിമല ദർശനത്തിന് എത്തുമ്പോൾ എല്ലാ സൗകര്യവും ഏർപ്പാടാക്കി നൽകിയതും പോറ്റിയായിരുന്നു. പത്തുവർഷത്തോളമായി പോറ്റിയുമായി ബന്ധമുണ്ടെന്ന് ഗോവർധൻ പറഞ്ഞെന്നാണ് വിവരം.

Related Posts