തൃശൂർ: 55ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.ഇത് എട്ടാമത്തെ തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു.
മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
തൃശൂർ രാമനിലയത്തിൽ മന്ത്രി സജി ചെറിയാൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ വന്നത്.
















