തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാൻ സിപിഎം തീരുമാനം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്കാകും കാലാവധി നീട്ടുക.
നവംബര്‍ പത്താം തീയതി വരെയായിരുന്നു പ്രശാന്തിന്റെ ദേവസ്വം പ്രസിഡന്റ് പദവിയിലുള്ള കാലാവധി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രശാന്തിന്റെ രാജിയടക്കം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സിപിഎം ഇങ്ങനെയൊരു തീരുമാനമെടുത്തത്. കാലാവധി നീട്ടി ഉത്തരവ് പുറത്തു വന്നാല്‍ അടുത്ത ജൂണ്‍ വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും.
കാലാവധി നീട്ടി നൽകാൻ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണം. ഇത് ഉടനെയുണ്ടാകുമെന്നാണ് സൂചന. ഓർഡിനൻസ് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
















